English  | മലയാളം

ഒന്നാം ഭാഗം പ്രാരംഭചരിത്രം

50 എ. ഡി മുതൽ 1700 എ. ഡി വരെ

പുരാതനങ്ങളായ പല സിറിയൻ ക്രിസ്ത്യൻ കുടുബങ്ങളുടെയും പൂർവകാല ചരിത്രം ഐതിഹ്യങ്ങളിലും പാരമ്പര്യങ്ങളിലും മറഞ്ഞിരിക്കുന്നതുപോലെ, നമ്മുടെ കുടുംബത്തിന്റെ പൂർവ്വകാലചരിത്രം ഐതിഹ്യങ്ങളിലും പാരമ്പര്യങ്ങളിലും ഒളിഞ്ഞിരിക്കുന്നു. വ്യക്തമായ ചരിത്രരേഖകളാൽ തെളിയിക്കുവാൻ സാധ്യമല്ല എന്ന കാരണത്താൽ മാത്രം, പാരമ്പര്യമായി നമുക്കു കൈവന്നിരിക്കുന്ന വസ്തുതകൾ അയഥാർത്ഥങ്ങളാണെന്ന് കല്പിച്ച് തള്ളിക്കളയാൻ പറ്റുന്നതല്ലല്ലോ. നമ്മുടെ കുടുംബത്തിന്റെ അതിപുരാതനചരിത്രം ഐതിഹ്യങ്ങളിലും പാരമ്പര്യങ്ങളെയും ആസ്‌പദമാക്കി ഒന്നാം നൂറ്റാണ്ടു മുതൽ ആരംഭിക്കുന്നതായി നാം വിശ്വസിക്കുന്നു.

വി. തൊമ്മാശ്ലീഹാ തന്റെ പ്രേക്ഷിതവൃത്തി കേരളത്തിൽ ആരംഭിക്കുന്നത് എ. ഡി 52- മാണ്ടോടുകൂടിയാണ് എന്നത് ചരിത്രവസ്തുതയായി അംഗീകരിക്കപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. എന്നാൽ വി ശ്ലീഹാ എ. ഡി 50-ൽ കേരളത്തിൽ എത്തിയിരുന്നു എന്ന യാഥാർത്ഥ്യം താഴെകൊടുത്തിരിക്കുന്ന ഉദ്ധരണിയിൽ നിന്നും അനുമാനിക്കാവുന്നതാണ്.



"The account given by the Ramban song, considered representative of most versions, says that the apostle landed in Maliankara in a A. D. 50 in the month of Dhanu (Dec - Jan). After a short stay he went to Mylapore and China. He returned to Mylapore and sailed to Maliankara at the invitation of the king of Thiruvanchikulam (Craganore). In A. D. 59 in the month of Kanni (Sept - Oct)he was called back to Mylapore by king Choran. After a stay of two and a half years, in Mylapore, the apostle returned to Malabar via Malayattur and revisited the Churches he had founded there in his first missionary expedition. In 69 A. D. he returned to Mylaporevia Chayal."

-The St. Thomas Christian Encyclopedia 1973 Vol. 2.


ഇപ്രകാരം എ. ഡി 50 - ൽ വി തോമ്മാശ്ലീഹാ കേരളക്കരയിൽ വന്ന അവസരത്തിൽ നടന്ന ഒരു മതപരിവർത്തനത്തോടു കൂടി നമ്മുടെ കുടുംബ ചരിത്രം ആരംഭിക്കുന്നു എന്നതാണ് നാം വിശ്വസിക്കുന്ന ഐതിഹ്യം. എ. ഡി. 50 - ൽ കൊടുങ്ങല്ലൂർ പട്ടണത്തിൽ ക്ഷത്രിയ വംശജനായ ചിറയ്ക്കൽ കോവിലകത്തെ ഇളയ രാജാവായ കുജ്ഞോൻ രാജൻ മതപരിവർത്തനം ചെയ്തു സ്നാനമേറ്റ് ക്രിസ്തുമതാവലംബി യായി എന്നത് ഒരു യഥാർത്ഥ പാരമ്പര്യമായി നാം ഗണിക്കുന്നു. ക്ഷത്രിയ യുദ്ധവീരനായ കുജ്ഞോൻ രാജന്റെ മതപരിവർത്തന സാഹചര്യത്തെക്കുറിച്ചുള്ള ഐത്യഹ്യം താഴെ കൊടുത്തിരിക്കുന്ന പ്രകാരമാണ്.

ഒന്നാം നൂറ്റാണ്ടിൽ പ്രസിദ്ധമായ കൊടുങ്ങല്ലൂർ പട്ടണം പ്രബലങ്ങളായ പല ബ്രാഹ്മണ ക്ഷത്രീയ കുടുംബങ്ങളുടെ ആവാസകേന്ദ്രമായിരുന്നു. കള്ളി, കാളിയാങ്കൽ, ശങ്കരപുരി, പകലോമറ്റം ആദിയായി വി. തോമ്മാശ്ലീഹാ മതപരിവർത്തനംചെയ്യിച്ച ബ്രാഹ്മണകുടുംബങ്ങൾ ചരിത്രപ്രസിദ്ധങ്ങളാണല്ലോ. ശംഖുപുരി എന്ന ക്ഷത്രീയ തറവാട് മാലിയാങ്കര (കൊടുങ്ങല്ലൂർ) എന്ന ദേശത്തെ ഭരണാധികാരികളായിരുന്നു. ചിറായിക്കൽ കോവിലകത്തെ ബന്ധുകുടുംബമായിരുന്നു. ശംഖുപുരി തറവാട്. ഈ പ്രധാന കുടുംബങ്ങളുടെയെല്ലാം ആരാധനാമൂർത്തിയായിരുന്നു കൊടുങ്ങല്ലൂർ ക്ഷേത്രത്തിലെ പ്രതിഷ്ഠയായ കാളി ദേവി. കുഞ്ഞോൽ രാജാവിന്റെ കോവിലകം ഈ ക്ഷേത്രത്തിന് അടുത്തായിരുന്നു.

അതിപുരാതനകാലം മുതൽ മേൽപ്പറഞ്ഞ ദേവതയുടെ പ്രീതിക്കായി ക്ഷേത്രത്തിൽ നരബലി നടത്തുക പതിവായിരുന്നു. അഞ്ചു വയസ്സിനു താഴെയുള്ള ഒരു ആൺകുഞ്ഞിനെ ആണ് ആണ്ടുതോറും ബലികഴിച്ചിരുന്നത്. സ്ഥലത്തെ പ്രധാന കുടുംബങ്ങളിൽനിന്നും കുറിയിട്ടാണ് കുട്ടിയെ തെരഞ്ഞെടുത്തിരുന്നത്. ഇപ്രകാരം എ. ഡി. 50 - ൽ കുറി വീണത് ചിറായിക്കൽ കോവിലകത്തെ കുജ്ഞോൻ രാജന്റെ അനന്തിരവനായ ഒരു കുഞ്ഞിനായിരുന്നു. കുറി വീണത് മുതൽ കുട്ടിയുടെ വലിയമ്മയായ കുഞ്ചിയമ്മയ്ക്ക് സഹിക്കാനാവാത്ത ദുഃഖമായി. തന്റെ ജീവൻ ബലികൊടുത്തു പോലും കുട്ടിയെ രക്ഷിക്കണമെന്ന് അവർ ആഗ്രഹിച്ചു. പക്ഷേ കുട്ടിയെ ബലികഴിക്കുകതന്നെ വേണമായിരുന്നു. എ. ഡി. 50 ഡിസംബർ 31- തീയതി കുട്ടിയെ ബലിയർപ്പിക്കുവാൻ നിശ്ചയിച്ചു. ദേശവാസികളും ബന്ധുജനങ്ങളും ക്ഷേത്രപ്രമാണികളും കൂടി വേണ്ട ക്രമീകരണങ്ങൾ ചെയ്തു.

ഇതിന് ഏതാനും നാളുകൾക്കു മുമ്പാണ് വി. തോമ്മാശ്ലീഹാ കൊടുങ്ങല്ലൂർ വന്നിറങ്ങിയത്. കൊടുങ്ങല്ലൂരുള്ള ഒരു യഹൂദ വണിക് ശ്രേഷ്ഠന്റെ വസതിയിൽ താമസിച്ചിരുന്ന അദ്ദേഹം, ക്ഷേത്രത്തിൽ നടത്തുവാൻ പോകുന്ന നരബലി യെ പറ്റി കേൾക്കുവാനിടയായി. നരബലി കാണണമെന്നുള്ള വാഞഛ അദ്ദേഹത്തിനുണ്ടായി. നരബലി നടക്കുന്ന ദിവസം ശ്ലീഹാ തന്റെ യഹൂദ സ്നേഹിതൻ സഹിതം ക്ഷേത്രപരിസരത്തെത്തി. കാവ്യ വസ്ത്രധാരിയായ ശ്ലീഹായെ ഒരു ഋഷിവര്യനാണെന്ന് ധരിച്ച് ക്ഷേത്രപ്രമാണികൾ ക്ഷണിച്ചു മാന്യമായ ഒരു സ്ഥലത്ത് ഇരുത്തി. ഇത് കണ്യുടനെ ബലിയർപ്പിക്കപ്പെട്ട കുട്ടിയുടെ മാതാമഹി, വളരെ സങ്കടത്തോടെ കൂടി ശ്ലീഹായെ ആ അഷ്ടാംഗം പ്രണമിച്ചു കുഞ്ഞിനെ രക്ഷിച്ച് പകരം തന്നെ ബലി വസ്തുവായി സ്വീകരിക്കണമെന്നപേക്ഷിച്ചു. നരബലി യെപറ്റിയുള്ള പാരമ്പര്യങ്ങൾ മനസ്സിലാക്കിയ ശ്ലീഹാ, കുട്ടിയെയും തള്ളയേയും മാത്രമല്ല, തന്നിൽ വിശ്വസിക്കുന്ന ഏവരെയും രക്ഷിക്കുവാൻ കഴിയുന്ന സർവ്വശക്തനായ ജീവനുള്ള ദൈവമുണ്ടെന്നും, ആ ദൈവത്തിൽ വിശ്വസിക്കുമെങ്കിൽ അവർക്ക് രക്ഷപ്രാപിക്കുവാൻ കഴിയുമെന്നും അവരെ പറഞ്ഞു മനസ്സിലാക്കി. താനും തന്റെ കുടുംബവും ശ്ലീഹാ സൂചിപ്പിച്ച ദൈവത്തിൽ വിശ്വസിക്കുന്നു എന്ന് ആ വൃദ്ധമാതാവ് സമ്മതിച്ച് ഏറ്റുപറഞ്ഞു.

ഉടൻതന്നെ കുട്ടിയെ കൊണ്ടുവരുവാൻ ശ്ലീഹാ ആജ്ഞാപിച്ചു. ഒരു പാത്രത്തിൽ കുറെ വെള്ളം വരുത്തി, കുട്ടിയെ നസ്രായനായ യേശുവിന്റെ നാമത്തിൽ സ്നാനപ്പെടുത്തി. അനന്തരം ബലിക്കായി കുട്ടിയെ വിട്ടുകൊടുത്തു. നരബലിക്കെതിരായ ശ്ലീഹായുടെ മനോഭാവം മനസ്സിലാക്കിയ യഥാസ്ഥിതി കൾ ശ്ലീഹായെ ശക്തിപരീക്ഷണത്തിനായി വെല്ലുവിളിച്ചു. ശ്ലീഹായാകട്ടെ അത്യന്തം ആത്മവിനയത്തോടു കൂടി കുട്ടിയെ ബലിയർപ്പണത്തിനനുവദിച്ചു. പതിവനുസരിച്ച് ഖഡ്ഗധാരിയായ പൂജാരി കുട്ടിയെയും കൂട്ടിക്കൊണ്ട്, ദേവിയുടെ ആസ്ഥാനമുറിയിൽ കയറി വാതിൽ ബന്ധിച്ചു. എന്താണ് നടക്കുവാൻപോകുന്നത് എന്നു കാണുവാൻ ഉത്കണ്ഠാഭരിതരായി ജനങ്ങൾ വെളിയിൽ കാത്തുനിന്നു. അടയ്ക്കപ്പെട്ടിരുന്ന മണ്ഡപത്തിന്‍റെ വാതിൽ പാരമ്പര്യമനുസരിച്ചുള്ള സമയം കഴിഞ്ഞിട്ടും തുറക്കാതിരുന്നതിനാൽ ആളുകൾ ബഹളമുണ്ടാക്കി. തന്നിമിത്തം വാതിൽ പുറത്തുനിന്നും ബലമായി തുറന്നു. കണ്ട കാഴ്ച എല്ലാവരെയും അത്ഭുതസ്തബ്ധരാക്കി. പൂജാരി അപ്രത്യക്ഷനായിരിക്കുന്നു. കുട്ടി സുരക്ഷിതനായി സുസ്മേരവദനനായി കളിച്ചുകൊണ്ടിരിക്കുന്നു. ഈ കാഴ്ച വലിയ അമ്പരപ്പിനും ബഹളത്തിനും കാരണമായി. നരബലിമുടങ്ങി. ചിറായിക്കൽ കുടുംബാംഗങ്ങൾ ഉൾപ്പെടെ ഏകദേശം ഇരുന്നൂറോളം പേർ സ്നാനപ്പെട്ടു ക്രിസ്തു മതാവലംബികളായി.

നരബലി സംഭവം നടക്കുമ്പോൾ കുടുംബത്തലവനായ കുജ്ഞോൻ രാജൻ പാണ്ടി പ്രദേശത്ത് സഞ്ചാരത്തിലാരുന്നു. തന്റെ കുടുംബത്തിൽ നടക്കുന്ന നരബലിയിൽ സംബന്ധിക്കുവാൻ വളരെ ധൃതിയിൽ മടക്കയാത്ര ആരംഭിച്ചു. മാർഗ്ഗമധ്യേ നരബലി മുടങ്ങി എന്ന വാർത്ത കേട്ടു അദ്ദേഹം അതീവ രോഷാകുലനായി. നരബലി മുടങ്ങിയതിന് കാരണക്കാരായവരോടു പ്രതികാരം ചെയ്യണമെന്നുള്ള ദൃഢനിശ്ചയത്തോടെ സ്ഥലത്തെത്തി. നടന്ന സംഭവങ്ങളുടെ നിജസ്ഥിതി അറിഞ്ഞപ്പോൾ അദ്ദേഹവും ക്രിസ്തുവിൽ വിശ്വാസമർപ്പിച്ചു. ശ്ലീഹായിൽനിന്നു തന്നെ ക്ഷേത്രക്കുളത്തിൽവച്ച് സ്നാനമേറ്റു. <

ഇപ്രകാരം ക്രിസ്തുമാർഗ്ഗം സ്വീകരിച്ച് നസ്രാണികളായി തീർന്ന ചിറായിക്കൽ ക്ഷത്രിയ കുടുംബമത്രെ നമ്മുടെ മൂല കുടുംബം എന്നാണ് നാം വിശ്വസിക്കുന്ന ഐതിഹ്യം. ഈ കുടുംബത്തിലെ സന്താനപരമ്പരകൾ ഏകദേശം നാലു നൂറ്റാണ്ടുകാലം കൊടുങ്ങല്ലൂർ താമസിച്ചതായി കണക്കാക്കപ്പെടുന്നു. കൊടുങ്ങല്ലൂർ പട്ടണം അറബികളുടെ ആക്രമണത്തിനു വിധേയമായപ്പോൾ തദ്ദേശവാസികളായ യൂദൻമാരും ക്രിസ്ത്യാനികളും പല സ്ഥലത്തേയ്ക്കു പാലായനം ചെയ്തു. ആ കൂട്ടത്തിൽ നമ്മുടെ പൂർവികന്മാർ തെക്കോട്ടു തിരിച്ച്, വില്ലാർവട്ടം രാജകുടുംബത്തിന്റെ ആസ്ഥാനമായിരുന്ന ഉദയംപേരൂർ വന്നു താമസിച്ചു. ഏതാനും നൂറ്റാണ്ടുകൾക്കു ശേഷം അവിടെ നിന്നും പുറപ്പെട്ടു ക്രിസ്ത്യാനികളുടെ ഒരു വലിയ കേന്ദ്രമായ കുറവിലങ്ങാട്ടു താമസമുറപ്പിച്ചു. അന്ന് ക്രിസ്ത്യാനികളായ മലയാളികളെ നയിച്ചിരുന്നത് ആയുധാഭ്യാസികളായ നമ്മുടെ പൂർവികന്മാർ ആയിരുന്നു എന്നു വിശ്വസിക്കപ്പെടുന്നു.

കുറവിലങ്ങാട്ടു നിന്നും പല പ്രധാന നസ്രാണി കുടുംബങ്ങളും തെക്കൻ പ്രദേശത്തെ ലക്ഷ്യമാക്കി നീങ്ങിയ കൂട്ടത്തിൽ നമ്മുടെ പൂർവ്വികന്മാർ തെക്കോട്ട് പ്രയാണം ചെയ്ത ആദ്യം കുറിച്ചിയിലും പിന്നീട് ചങ്ങനാശ്ശേരിയിൽ പോളക്കൽ എന്ന സ്ഥലത്തും താമസമുറപ്പിച്ചു. പോളക്കൽ എന്ന സ്ഥാലനാമത്തിൽനിന്നാണ് നമ്മുടെ കുടുംബത്തിന് പോളകൽ കുടുംബം എന്ന പേര് സിദ്ധിച്ചത്. ചങ്ങനാശ്ശേരിയിൽ നമ്മുടെ പൂർവികന്മാർ വൻതോതിലുള്ള കച്ചവടത്തിൽ ഏർപ്പെട്ട് വളരെ പ്രതാപത്തോടും പ്രാബല്യത്തോടും പുരോഗമിച്ചു. ചങ്ങനാശ്ശേരിയിൽ അവർ ദീർഘനാൾ താമസിച്ചു. ചങ്ങനാശ്ശേരിയിൽ വച്ചാണ് നമ്മുടെ പൂർവികന്മാർ പോളക്കൽ തരകന്മാർ എന്നറിയപ്പെട്ടുതുടങ്ങിയത്. തെക്കുംകൂർ രാജാക്കന്മാരിൽ നിന്ന് ലഭിച്ചതാകാം ഈ സ്ഥാനം.

കാലക്രമേണ ചങ്ങനാശ്ശേരിയിൽ നിന്നും ഒരു വിഭാഗം പടിഞ്ഞാറോട്ടു മാറി ചമ്പക്കുളത്തും ഒരു വിഭാഗം കിഴക്കോട്ടുമാറി തെള്ളി പുല്ലാട് ഭാഗത്തും താമസമുറപ്പിച്ചു. ചങ്ങനാശ്ശേരിയിൽ തങ്കത്തിലായ വലിയ പോളക്കൽ എന്ന അഭിധാനത്തിൽ ഇന്ന് അറിയപ്പെടുന്ന കുടുംബം ഈ വംശപരമ്പരയിൽ പെട്ടതാണ്. ചമ്പക്കുളത്തേയ്ക്കു മാറിയവരിൽ ഒരു വിഭാഗം എടുത്വായിൽ കുടിയേറി പാർത്തു. അവരുടെ പിൻഗാമികളാണ്, കാട്ടുംഭാഗം, കരിമ്പറമ്പ് ആദിയായ കുടുംബങ്ങൾ. ചങ്ങനാശ്ശേരിക്കാരും എടത്വാക്കാരും അടുത്തകാലംവരെയും യോജിച്ചു പോളക്കൽ കുടുംബയോഗം നടത്തുക പതിവായിരുന്നു.

ചങ്ങനാശേരിയിൽനിന്നും കിഴക്കോട്ടുപോയ നമ്മുടെ പൂർവികന്മാർ തെള്ളിപുല്ലാട് ഭാഗത്തുതാമസമുറപ്പിച്ചു. അനന്തരം ഓതറ കർത്താവിന്റെ ക്ഷണപ്രകാരം ഓതറപോയി താമസമാക്കി. അവിടെ ഒരു വലിയ കളരിപ്രസ്ഥാനം ആരംഭിച്ചു. ഓതറ കർത്താവിന്‍റെ ഭടന്മാർക്കു ആയുധപരിശീലനം നടത്തിക്കൊണ്ടിരുന്നു.

ഇങ്ങനെയിരിക്കവെ നമ്മുടെ പൂർവികരുടെ ആയുധ പാടവത്തെകുറിച്ച് കേട്ട പന്തളത്തു രാജാവ് അവരെ പന്തളത്തേയ്ക്ക് ക്ഷണിച്ചു. ഇപ്രകാരം പോളക്കൽ തരകന്മാർ പന്തളം രാജാവിന്റെ സേനനായകത്വം വഹിച്ചു പന്തളത്തു താമസമാക്കി. അന്ന് ക്രിസ്ത്യാനികൾക്ക് ആരാധനയ്ക്കായി വെണ്മണിയിൽ ഒരു പള്ളിമാത്രമെ ഉണ്ടായിരുന്നുള്ളൂ. നസ്രാണികളായ പോളക്കൽ തരകന്മാർക് വെൺമണി പള്ളിയിൽ പോയി ആരാധന നടത്തുവാൻ ഒരു പ്രത്യേക വഴി തന്നെ പന്തളം രാജാവ് വെട്ടിച്ചുകൊടുത്തു. ഇന്നത്തെ കുളക്കട വെൺമണി റോഡ് അന്നുണ്ടാക്കിയ വഴിയായിരിക്കാം എന്നു കരുതപ്പെടുന്നു. ആരാധനയ്ക്കായി ഇത്രദൂരം പോകുന്നത് അസൗകര്യമായി തോന്നിയതിനാൽ പോളക്കൽ തരകന്മാർ വെണ്മണിയിലേക്കു തന്നെ താമസം മാറ്റി. വെണ്മണിയിലെ ഇവരുടെ പുരാതന വാസസ്ഥലം ഇന്നും അമ്പോലത്തു പോളക്കൽ എന്നറിയപ്പെടുന്നു. അചിരേണ പോളക്കൽ തരകന്മാർ സമ്പത്തിലും പ്രശസ്തിയിലും വളരെ ഉയർന്നു. ഇടപ്രഭുക്കൻമാരായ ഇല്ലികുളത്ത് ഉണ്ണിത്താന്മാരുടെയും മറ്റും സഖിത്വംകൊണ്ട് പോളക്കൽതരകന്മാർ മാവേലിക്കര രാജാവിന്റെയും പ്രീതി സമ്പാദിച്ചു.

ഇപ്രകാരം വളരെ പ്രതാപത്തോടുകൂടി കഴിഞ്ഞു വരവെ ഉണ്ടായ ഒരു അനിഷ്ട സംഭവംമൂലം പോളക്കൽതരകന്മാർ പന്തളം രാജാവിനെ വിട്ടു മാവേലിക്കര രാജാവിനെ അഭയം പ്രാപിക്കേണ്ടിവന്നു. വെണ്മണി പള്ളിയിലെ എട്ടു നോയമ്പ് പെരുന്നാൾ ദിവസത്തിലെ ഒരു പ്രധാന ചടങ്ങിൽ പോളക്കൽ തരകനുണ്ടായിരുന്ന പ്രത്യേക ആകാശത്തെ പന്തളം രാജാവിന്റെ ദളവാ കയ്യേറിയത്തിനെ തുടർന്നു തരകനും ദളവായുമായുണ്ടായ ഏറ്റുമുട്ടലിൽ ദളവാ മൃതിപ്പെടുകയുണ്ടായി. രാജകോപത്തെ ഭയന്ന് പോളക്കൽ തരകനും കുടുംബവും അവരുടെ വിലപിടിപ്പുള്ള എല്ലാ പണ്ടങ്ങലുമായി വെൺമണിയിൽ നിന്നും പാലായനം ചെയ്തു. മാവേലിക്കര രാജാവിന്റെ അതിർത്തിയിലേക്ക് കടന്നു. ഇപ്രകാരം യാത്ര തുടർന്നപ്പോൾ മാർഗ്ഗതടസ്സം നേരിട്ട് സ്ഥലങ്ങൾ, ഉടമസ്ഥർ ആവശ്യപ്പെട്ടതിലധികം പണം കൊടുത്തു വിലയ്ക്കുവാങ്ങി സ്വതന്ത്രരായി കടന്നു പോരുകയാണുണ്ടായത്. വെണ്മണിയിൽ നിന്നും യാത്രതിരിച്ച് മാവേലിക്കര രാജാവിന്റെ അതിർത്തിയിൽ പ്രവേശിച്ചത് ചെറിയനാടു കൂടെയാണ്. അവിടെ ചുങ്കം പിരിച്ചുകൊണ്ടിരുന്നത് ഒരു പ്ലാവിൻ ചുവട്ടിൽ വച്ചായിരുന്നു. ആ പുരയിടം പിന്നീടു നമ്മുടെ കൈവശം വന്നു ചേർന്നു. ആ പുരയിടത്തിൽ എന്റെ പേര് ആധാരത്തിൽ "ചുങ്കപ്ലാവുനില്ക്കുന്നതിൽ" എന്നായിരുന്നു. ഇവിടെയാണ് കൊച്ചെറിയ തരകന്റെ രണ്ടാമത്തെ മകൻ കൊച്ചെറിയ കൊച്ചിട്ടി തഴക്കര നിന്നും മാറി താമസമുറപ്പിച്ചത്. ഇപ്പോൾ ഇരവിപേരൂർ നെല്ലിമല പോളച്ചിറക്കൽ നിൽക്കുന്നപുര, കൊച്ചിട്ടി താമസിച്ചിരുന്ന പുരയാണ്.

പന്തളം രാജാവിന്റെ അതിർത്തിവിട്ട് കുളക്കടയാറും കടന്ന് മാവേലിക്കര രാജാവിന്റെ അതിർത്തിയിപ്പെട്ട വഴുവാടിയിൽ പോള എന്ന പേരോടുകൂടിയ പാടത്തിന്റെ ചിറയിൽ പോളക്കൽ ഉമ്മുമ്മൻ തരകനും കുടുംബവും ഒരു താൽക്കാലിക ഭവനത്തിൽ താമസമുറപ്പിച്ചു. അതോടുകൂടി പോളക്കൽ തരകന്മാർ എന്നറിയപ്പെട്ടിരുന്ന നമ്മുടെ പൂർവ്വികന്മാർ പോളച്ചിറക്കൽ തരകന്മാരായി അറിയപ്പെട്ടുതുടങ്ങി. ഇപ്രകാരം താമസമുറപ്പിച്ചത് ഏതാണ്ട് പതിനെട്ടാം നൂറ്റാണ്ടിന്റെ ആരംഭത്തോടുകൂടിയാണ്. വഴുവാടിയിൽ താമസമാക്കിയ ഉമ്മുമ്മൻ തരകൻ വിലയേറിയ രത്നദ്രവ്യങ്ങൾ കാഴ്ചവച്ചു മാവേലിക്കര രാജാവിനെ മുഖം കാണിക്കുകയുണ്ടായി. ഇതിൽ സംപ്രീതനായ രാജാവ് സ്ഥലം സന്ദർശിച്ച് തരകൻ ആവശ്യപ്പെട്ടിടത്തോളം സ്ഥലം കരമൊഴിവായി ദാനം ചെയ്തു. അടുത്തകാലത്ത് സെറ്റിൽമെന്റ് വരുന്നതുവരെയും പോളച്ചിറക്കൽ കുടുംബം ആ വസ്തുതകൾ കരമൊഴിവായി തന്നെ അനുഭവിച്ചിരുന്നു. പോളച്ചിറക്കൽ തരകന്മാർ തുടർന്നും മാവേലിക്കര തമ്പുരാക്കന്മാരുടെ പ്രീതിക്ക് പ്രാതിഭൂതരായർ കഴിഞ്ഞു.

വെൺമണിയിൽനിന്നും വന്ന ഉമ്മുമ്മൻ തരകനും മകൻ ഉമ്മുമ്മൻ കുജ്ഞോനതരകനും വഴുവാടിയിൽ പോളച്ചിറക്കൽ താമസിച്ചു. ഉമ്മുമ്മൻ കുജ്ഞോനതരകന്റെ മകൻ മൂന്നാംതലമുറക്കാരനായ കുജ്ഞോന ഉമ്മുമ്മൻ തരകൻ വഴുവാടി യിൽ നിന്നും തഴക്കരയിലേക്ക് താമസം മാറ്റി. തഴക്കര പോളച്ചിറക്കൽ അതിപ്രതാപവാനായി ജീവിച്ചു. മേൽപ്രസ്താവിച്ച കുജ്ഞോന ഉമ്മുമ്മൻ തരകന്റെ വംശാവലി ചരിത്രമാണ് ഈ ഗ്രന്ഥത്തിൽ പ്രതിപാദിച്ചിരിക്കുന്നത്.

തഴക്കര പോളച്ചിറക്കൽ ആദ്യമായി താമസമാക്കിയത് പോളച്ചിറക്കൽ കുജ്ഞോന ഉമ്മുമ്മൻ തരകനാണ്. ഇദ്ദേഹം അതിപ്രഗല്ഭനായ ഒരു കൃഷിക്കാരനും വ്യാപാരിയുമായിരുന്നു. ആധുനിക തിരുവിതാംകൂറിന്റെ വ്യാപാര തലസ്ഥാനമായിരുന്ന മാവേലിക്കരയിൽ വിപുലമായ തോതിൽ വ്യാപാര സംരംഭത്തിന് ഇദ്ദേഹം തുടക്കമിട്ടു. കൊല്ലം, കോട്ടയം ഡിസ്ട്രിക്ടുകളിലെ പുകയില, കറുപ്പ്, വ്യാപാരത്തിനന്റെ മൊത്തം കരാർകുത്തക പോളച്ചിറക്കൽ തരകന്മാർക്കായിരുന്നു. ഉമ്മുമ്മൻ തരകനും അദ്ദേഹത്തിന്റെ മക്കളും അതിവേഗത്തിൽ സ്വത്തിലും പ്രശസ്തിയിലും ഉത്തരോത്തരം അഭിവൃദ്ധി പ്രാപിച്ചു. വിസ്തൃതമായ നിലം പുരയിടങ്ങളും വളരെയധികം ദ്രവ്യസമ്പത്തും അവർ സ്വായത്തമാക്കി.

കുജ്ഞോനാ ഉമ്മുമ്മൻ തരകന് നാലു ആൺമക്കൾ ഉണ്ടായി. മൂത്തമകൻ കുജ്ഞാനാ തരകൻ പോളച്ചിറക്കൽ കിഴക്കേ വീട്ടിലും, രണ്ടാമത്തെ മകൻ കൊച്ചെറിയതരകൻ പോളച്ചിറക്കൽ പടിഞ്ഞാറെ വീട്ടിലും, മൂന്നാമത്തെമകൻ കൊച്ചുകോശി തരകൻ പോളച്ചിറക്കൽ പടിഞ്ഞാറെ പുരയിലും, ഇളയമകൻ കിരിയാൽ തരകൻ വഴുവാടിയിൽ കൂടത്തിന്നാലും താമസമാക്കി. കൂട്ടുകുടുംബസമ്പ്രദായമായിരുന്നു ഇവരുടെ ഇടയിൽ നിലനിന്നിരുന്നത്. നാലുകെട്ടുപോലുള്ള വസതികളിൽ താമസിച്ച് പൊതുവായി പാചകം ചെയ്ത് ഓരോരുത്തർക്കും പകർച്ച കൊടുക്കുകയായിരുന്നു പതിവ്. കൂട്ടുകുടുംബമായിരുന്നതുകൊണ്ട് സ്വത്തുക്കൾ മുഴുവൻ കുടുംബകാരണവരുടെ പേരിലും അധീനതയിലും ആയിരുന്നു. ഇതിന്റെ ദൂഷ്യഫലങ്ങൾ പിൽക്കാലത്ത് അനുഭവപ്പെട്ടു.

പോളച്ചിറക്കൽ കിഴക്കേവീട്ടിൽ താമസമാക്കിയ കുജ്ഞാനാതരകന് കുജ്ഞാനാ ഉമ്മുമ്മൻ ( വല്ല്യേപ്പൻ ) എന്ന് ഏകമകൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇദ്ദേഹമായിരുന്നു കുടുംബത്തിലെ അഞ്ചാം തലമുറയിലെ കാരണവനും കിഴക്കെവീട്ടു ശാഖയുടെ സ്ഥാപക പിതാവും.

കുജ്ഞാനാ ഉമ്മുമ്മൻ തരകൻ രണ്ടാമത്തെ മകൻ കൊച്ചെറിയ തരകൻ അടൂർ കടയ്ക്കാട്ട് അന്നമ്മയെ വിവാഹം ചെയ്ത് പോളച്ചിറക്കൽ പടിഞ്ഞാറേ വീട്ടിൽ താമസമാക്കി. കൊച്ചെറിയ തരകന് നാലു ആൺമക്കൾ ഉണ്ടായി. മൂത്തമകൻ കൊച്ചെറിയ ഉമ്മുമ്മൻ മാവേലിക്കര വടക്കെ തലക്കൽ മറിയാമ്മയെ ആദ്യ വിവാഹവും, ചെങ്ങന്നൂർ ആറാട്ടുപുഴ നല്ലൂരു ഏലിയാമ്മയെ രണ്ടാം വിവാഹവും ചെയ്തു. പടിഞ്ഞാറെ വീട്ടുശാഖയുടെ സ്ഥാപകപിതാവാണ് കൊച്ചെറിയ ഉമ്മുമ്മൻ. കൊച്ചെറിയ തരകന്റെ രണ്ടാമത്തെ മകൻ കൊച്ചെറിയകൊച്ചിട്ടി ഇരവിപേരൂർ ശങ്കരമംഗലത്ത് ആച്ചിയമ്മയെ വിവാഹം ചെയ്ത് ചെറിയാനാട് താമസമാക്കി. ഇദ്ദേഹമാണ് ചെറിയ നാടുശാഖയുടെ സ്ഥാപക പിതാവ്. കൊച്ചെറിയ തരകന്റെ മൂന്നാമത്തെ മകൻ കൊച്ചെറിയ കുഞ്ഞുനൈനാൻ കറ്റാനത്ത് ആന്നിയിൽ ആച്ചിയമ്മയെ വിവാഹം ചെയ്തു. ആന്നിയിൽ ശാഖയുടെ സ്ഥാപക പിതാവാണ് കൊച്ചെറിയ കുഞ്ഞുനൈനാൻ. കൊച്ചെറിയ തരകന്റെ ഇളയമകൻ കൊച്ചെറിയ കൊച്ചുകോശി കുറ്റൂർ കർത്താലിൽ കണ്ടത്തിൽ കൊച്ചിത്താമ്മയെ വിവാഹം ചെയ്തു. കൊച്ചെറിയ കൊച്ചുകോശയാണ് കുറ്റൂർ ശാഖയുടെ സ്ഥാപക പിതാവ്.

കുജ്ഞാനാ ഉമ്മുമ്മൻ തരകന്റെ മൂന്നാമത്തെ മകൻ കൊച്ചുകോശി തരകൻ മാവേലിക്കര പടിഞ്ഞാറെ തലയ്ക്കൽ കിരിയാച്ചന്റെ മകൾ മറിയാമ്മയെ വിവാഹം ചെയ്തു. പോളച്ചിറക്കൽ പടിഞ്ഞാറെ പുരയിൽ താമസമാക്കി. കൊച്ചുകോശി തരകന് രണ്ടു ആൺമക്കളും രണ്ടു പെൺമക്കളും ജനിച്ചു. മൂത്തമകൻ ചാക്കോച്ചനച്ചൻ ശങ്കരമംഗലത്ത് ആച്ചി ആച്ചിയമ്മയെ വിവാഹം ചെയ്തു. ഇദ്ദേഹമാണ് പടിഞ്ഞാറേ പുരശാഖയുടെ സ്ഥാപക പിതാവ്. കൊച്ചുകോശി തരകന്റെ ഇളയമകൻ കിരിയാച്ചനച്ചൻ തിരുവല്ല ചാലക്കുഴിയിൽ വിവാഹം ചെയ്തു. കുമ്പത്തിട്ടയിൽ ശാഖയുടെ സ്ഥാപകപിതാവാണ് കിരിയാച്ചനച്ചൻ. കൊച്ചുകോശി തരകന്റെ മൂത്തമകളെ മേപ്രായിൽ പൂതിയോട്ടും ഇളയമകളെ കാർത്തികപ്പള്ളിൽ കയ്യാലയ്ക്കകത്തും വിവാഹം ചെയ്തയച്ചു.

കുജ്ഞോനാ ഉമ്മുമ്മൻ തരകന്റെ ഇളയമകൻ കിരിയാൻ തരകൻ വഴിവടികൂടത്തിനാൽ നിന്ന് വിവാഹം ചെയ്തു. കിരിയാൻ തരകന് പെൺമക്കൾമാത്രമെ ഉണ്ടായിരുന്നുള്ളൂ. മൂത്തമകളെ മാവേലിക്കര പടിഞ്ഞാറേ തലയ്ക്കലും, രണ്ടാമത്തെ മകളെ മാവേലിക്കര തഴക്കരമേടയിലും, മൂന്നാമത്തെ മകളെ വഴുവാടി വടക്കെ തലക്കലും വിവാഹം ചെയ്തയച്ചു.

ഇപ്രകാരം കുജ്ഞോനാ ഉമ്മുമ്മൻ (വല്യേപ്പൻ): കൊച്ചെറിയ ഉമ്മുമ്മൻ; കൊച്ചെറിയ കൊച്ചിട്ടി; കൊച്ചെറിയ കുഞ്ഞുനൈനാൻ; കൊച്ചെറിയ കൊച്ചുകോശി; ചാക്കോച്ചനച്ചൻ; കിരിയാച്ചനച്ചൻ; എന്നിങ്ങനെ പോളച്ചിറക്കൽ കുടുംബത്തിലെ ഏഴു സഹോദരന്മാരാണ് യഥാക്രമം, കുടുംബചരിത്രം രണ്ടാം ഭാഗത്തിൽ കാണിച്ചിരിക്കുന്ന കിഴക്കെവീട്; പടിഞ്ഞാറെവീട്; ചെറിയനാടു: ആന്നിയിൽ, കുറ്റൂർ; പടിഞ്ഞാറെപുര; കുമ്പത്തിട്ടയിൽ എന്നീ ഏഴു ശാഖകളുടെ സ്ഥാപകപിതാക്കന്മാർ. കുടുംബയോഗസംഘട ഈ ഏഴുശാഖകളിന്മേൽ ൽ സ്ഥാപിച്ചാണ് രൂപീകരിച്ചിരിക്കുന്നത്